In the name of Allah, the Most Gracious, the Most Merciful

തമസ്കരിക്കേണ്ട മാധ്യമ വാര്‍പ്പുമാതൃകകള്‍

മാധ്യമങ്ങളും അവയുടെ പ്രവര്‍ത്തകരും ജനപക്ഷത്തുനില്‍ക്കണമെന്നാണു വയ്പ്‌. വിശ്വാസ്യതയും സത്യസന്ധതയും മാധ്യമപ്രവര്‍ത്തകന്റെ മുഖമുദ്രയാകണമെന്നും പറയും. പരസ്യത്തിനും പണത്തിനും തീറെഴുതിക്കൊടുത്ത് വായനക്കാരനെ ‘അടിമത്ത’ത്തിലേക്ക് നയിച്ച് അവനെ ഷണ്ഡനാക്കുന്ന രീതിയാണിപ്പോള്‍ ആധുനികമാധ്യമങ്ങള്‍ പുലര്‍ത്തിപ്പോരുന്നത്.

മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍ പുറംലോകത്തെത്തിക്കുന്നെന്ന വ്യാജേന അസത്യ-അബദ്ധജഡിലമായ വാര്‍ത്തകള്‍ മാധ്യമരംഗത്ത് ഒഴിയാബാധയായി മാറി. ജനകീയമാധ്യമങ്ങളെന്ന് കൊട്ടിഘോഷിച്ച് രംഗപ്രവേശം ചെയ്യുന്നവയെല്ലാം ‘ധര്‍മ്മം’ നിറവേറ്റാനാവാതെ, മുഖ്യധാരയിലലിയാന്‍ വെന്പല്‍ക്കൊള്ളുന്നു. പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട, സംസ്കാരം തന്നെ മാറ്റിമറിക്കപ്പെട്ട മാധ്യമലോകത്തിന് വായനക്കാരനെ വിശ്വസിക്കാനാവുന്നില്ല. സ്വന്തം അഭിപ്രായാഭിരുചികള്‍ അടിച്ചേല്‍പ്പിക്കാന്‍ നുണയെ വര്‍ണക്കടലാസില്‍ അച്ചടിച്ചുവിട്ട് ‘ദൃശ്യവല്‍ക്കരിച്ചു’കൊണ്ടിരിക്കുന്നു അച്ചടി-ദൃശ്യമാധ്യമങ്ങള്‍. ഇവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തൊഴിലിനോടും ശന്പളത്തോടുമുള്ള കൂറുമാത്രം. പണിപോവാതിരിക്കാനും പ്രശസ്തിക്കും വേണ്ടിമാത്രം ജനപക്ഷ വാര്‍ത്തകള്‍ പൈങ്കിളിവല്‍ക്കരിച്ച് അവര്‍ വായനക്കാരെ ഊട്ടുന്നു.

വര്‍ഷങ്ങളുടെ പാരന്പര്യം അവകാശപ്പെട്ട് ഉടുതുണി ഊരിയെറിഞ്ഞു വായനക്കാരന്റെ മാനസികനിലയെ വഴിവിട്ടു പ്രവര്‍ത്തിപ്പിക്കാനുള്ള യത്നമാണു ചുറ്റും. മാധ്യമങ്ങളെന്നാല്‍ ഗുണനിലവാരമുള്ള കടലാസുകളും സമ്മാനപദ്ധതികളും മാത്രമാണെന്ന് തെറ്റിദ്ധരിപ്പിച്ച്, വസ്തുതതകളെ ഉപരിപ്ലവമായി മാത്രം ചിത്രീകരിച്ച് അവയെ നിസ്സാരവല്‍ക്കരിക്കുകയാണ് പുതിയ കെട്ടിലും മട്ടിലും അണിഞ്ഞൊരുങ്ങിയെത്തുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത്. വാര്‍ത്തകള്‍ പരസ്യങ്ങളാവുകയും പരസ്യങ്ങളും വാര്‍ത്തയും വേര്‍തിരിച്ചറിയാതാവുകയും ചെയ്യുന്ന കാലം.

പരസ്യത്തിനു മീതെ പത്രവും പറക്കില്ല. പരസ്യദാതാവിനെ ബാധിക്കുന്ന, അതും പ്രതികൂലമായി വന്നേക്കാവുന്ന വാര്‍ത്തയെ തമസ്കരിച്ച് വായനക്കാരന്/പ്രേക്ഷകന് നിഷേധിക്കുന്ന അവസ്ഥ. ശബ്ദമില്ലാത്തവരുടെ ശബ്ദമായി അവതരിക്കപ്പെടുന്നവ, പത്രമെന്നാല്‍ ‘പത്രക്കാരന്‍’ തീരുമാനിച്ചുറപ്പിച്ച് തയ്യാറാക്കിവിടുന്നതുമാത്രമാണെന്ന് വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നു. ടെലിവിഷന്‍ സംസ്കാരത്തെ അച്ചടിമാധ്യമലോകം പുല്‍കാന്‍ വെന്പല്‍ക്കൊള്ളുന്പോള്‍ തങ്ങള്‍ നിശ്ചയിച്ച അതിര്‍വരന്പു കടക്കാന്‍ വായനക്കാരന് സാധിക്കാതെ വരുന്നു.

പുതുമാധ്യമങ്ങളുടെ രംഗപ്രവേശത്തിന് നിലപാടുകളേക്കാളേറെ തടസ്സമാവുന്നത് അവയുടെ കെട്ടുംമട്ടുമാണ്. ഉള്ളടക്കമോ അവതരണരീതിയോ അല്ല വിഷയമെന്നുവരെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. നേരത്തേ അറിയാത്തവ വാര്‍ത്തയല്ലെന്നും വിശകലനങ്ങളേക്കാളേറെ വസ്തുതകളാണ് വാര്‍ത്തയെന്നുമൊക്കെ സമ്മതിക്കാം. എന്നാല്‍ വായനക്കാരന്റെ മാനസികാവസ്ഥയെ ചൂഷണംചെയ്ത്, ഉറച്ച നിലപാട് രൂപീകരിക്കാന്‍ അവനെ പ്രേരിപ്പിക്കാതെ ബലിയാടാക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങള്‍. മുതലാളിയെക്കുറിച്ചൊന്നും എതിരെഴുതാന്‍ കഴിയാത്ത, ഏതെങ്കിലും പക്ഷംചേരുക മാത്രം ചെയ്യുന്ന വാര്‍പ്പുമാതൃകകളെയല്ല ഇന്നു നമുക്കാവശ്യം. പൊള്ളയായ അവകാശവാദങ്ങളും മുന്‍വിധി കലര്‍ന്ന, ദുരൂഹത നിഴലിക്കുന്ന, വായനക്കാരനെ വിഷമവൃത്തത്തിലേക്കു നയിക്കുന്ന ‘സ്റ്റോറി’കള്‍ തരംപോലെ നല്‍കിവരുന്ന മുഖ്യധാരയെ നമുക്കുവേണ്ട. ജീവിതഗന്ധിയും നിലപാട് സ്വരൂപിക്കുന്നതില്‍ വായനക്കാരന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതുമായ പുതുനാന്പുകളെ ജീവവായുവും ജലവും നല്‍കി ‘ഹിംസ്ര ജന്തു’ക്കളില്‍ നിന്ന് വേലികെട്ടി സംരക്ഷിച്ച് ഊട്ടിവളര്‍ത്തണം.

ചപലവികാര-വിചാരങ്ങളെ പരിപോഷിപ്പിക്കുന്നതിന് പകരം ജീവിതത്തെ ഗൌരവമായും നൈതികമായും കാണുന്ന, കച്ചവട-ആഗോളവല്‍ക്കരണത്തിന് വിട്ടുകൊടുക്കാതെ വായനക്കാരനെ നെഞ്ചോടുചേര്‍ക്കുന്ന മാധ്യമലോകത്തെയാണു നമുക്കാവശ്യം. ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും വ്യക്തമായി അറിഞ്ഞ്, അറിയിക്കാന്‍ കഴിയുന്ന മാധ്യമമാതൃകകള്‍ തന്നെവേണം വാര്‍പ്പുമാതൃകകളെ തള്ളിക്കളയാന്‍. വരിക്കാരന്റെ എണ്ണമല്ല, വായിക്കുന്നവരുടെ എണ്ണവും അഭിപ്രായവുമറിഞ്ഞുവേണം മാധ്യമസ്വീകാര്യതയുടെ വിലയിരുത്തല്‍ നടത്താന്‍.

(2006 ജൂലൈ 30ന് തേജസ് ദിനപത്രത്തില്‍ ‘എനിക്ക് തോന്നുന്നത്’- വായനക്കാരുടെ എഡിറ്റോറിയലായി പ്രസിദ്ധീകരിച്ചത്. വായനക്കാരന്റെ കോളത്തില്‍ സ്വന്തം ലേഖകനെഴുതിയത് മാധ്യമചരിത്രത്തിലാദ്യം. :))

5 comments

 1. കണ്ണില്‍ നേരിട്ട് കാണുന്നതിനെ വരെ വക്രീകരിച്ച് വിഷം പോലെ ചാലിച്ച് തരുന്നതായിരിക്കുന്നു ഇന്നത്തെ എല്ലാ വാര്‍ത്തകളും.

  ReplyDelete
 2. ചപലവികാര-വിചാരങ്ങളെ പരിപോഷിപ്പിക്കുന്നതിന് പകരം ജീവിതത്തെ ഗൌരവമായും നൈതികമായും കാണുന്ന, കച്ചവട-ആഗോളവല്‍ക്കരണത്തിന് വിട്ടുകൊടുക്കാതെ വായനക്കാരനെ നെഞ്ചോടുചേര്‍ക്കുന്ന മാധ്യമലോകത്തെയാണു നമുക്കാവശ്യം...

  ഇങ്ങനെയെല്ലാം എഴുതുന്ന പത്രത്തിന് പിടിച്ചുനിൽക്കുവാൻ സാധിക്കുകയില്ല...അത്ര തന്നെ !

  ReplyDelete
 3. valare kalika prasaktham..... aashamsakal.....

  ReplyDelete
 4. മാധ്യമധര്‍മ്മം മലകേറിപ്പോയിക്കൊണ്ടിരിക്കുന്നു !!
  എല്ലാം കച്ചവടം തന്നെ..

  ReplyDelete
 5. പക്ഷം പിടിക്കാത്ത മധ്യമങ്ങൾ ഏതെങ്കിലും ഒന്ന് കേരളത്തിലുണ്ടോ!

  ReplyDelete

Write for a change!

Popular Posts