In the name of Allah, the Most Gracious, the Most Merciful

``ഭരണത്തിനു ജനങ്ങളാണു മാര്‍ക്കിടേണ്‌ടത്‌ ''

(സര്‍ക്കാര്‍ നൂറുദിന കര്‍മപരിപാടി പൂര്‍ത്തിയാക്കുന്ന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഇന്നലെ നടത്തിയ അഭിമുഖത്തില്‍ നിന്ന്‌)


ചോദ്യം: കര്‍മപരിപാടിയുടെ നൂറുദിനം പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രിക്കു കേരളജനതയോട്‌ പറയാനുള്ളതെന്താണ്‌?
ഉത്തരം: കേരളത്തില്‍ കഴിഞ്ഞകാലങ്ങളില്‍ ധാരാളം പ്രശ്‌നങ്ങളാണുണ്‌ടായത്‌. നമ്മുടെ അവസരങ്ങളും സാധ്യതകളും നമുക്കു പ്രയോജനപ്പെടുത്താനായിട്ടില്ല. അതുകൊണ്‌ടാണു നമ്മുടെ നിരവധി ചെറുപ്പക്കാര്‍ക്കു കേരളവും ഇന്ത്യയും വിട്ട്‌ ജോലിയന്വേഷിച്ചു പോവേണ്‌ടിവന്നത്‌. നമ്മുടെ സാധ്യതകളെക്കുറിച്ച്‌ ഇനിയെങ്കിലും നാം തിരിച്ചറിയണം. നേടാന്‍ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ചു നല്ല ബോധമുണ്‌ടാവണം. അതിനുവേണ്‌ടി കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്‌.

ചോ: ഉദ്ദേശിച്ച വികസനപരിപാടികള്‍ എത്രശതമാനം പൂര്‍ത്തിയായി; ഇതിലേതാണ്‌ ഏറ്റവും മികച്ച നേട്ടമായി പറയാനുള്ളത്‌?
ഉ: നൂറുദിവസംകൊണ്‌ട്‌ അദ്‌ഭുതങ്ങള്‍ കാട്ടാനൊക്കില്ല. നൂറുദിവസത്തെ പരിപാടികൊണ്‌ട്‌ ഞാനുദ്ദേശിച്ചത്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി എന്താണെന്നും ഏതു ദിശയിലാണു ഭരണം നീങ്ങുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌. അത്‌ ആ അര്‍ഥത്തില്‍ വിജയിച്ചു. ഈ സര്‍ക്കാര്‍ വിവാദങ്ങള്‍ക്കല്ല മറിച്ച്‌, റിസല്‍റ്റിനാണു പ്രാധാന്യം കൊടുക്കുന്നത്‌. പിന്നെ, ലക്ഷ്യമിട്ടിരുന്ന പരിപാടികളില്‍ എന്തൊക്കെ നേടി, നേടിയില്ല എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച വിശദമായ റിപോര്‍ട്ട്‌ മുന്നണിക്കു നല്‍കും.
ചോ: രാജ്യത്തെ കോണ്‍ഗ്രസ്‌ മന്ത്രിമാരില്‍ ജനകീയനായി സി.എന്‍.എന്‍-ദി ഹിന്ദു സര്‍വേ തിരഞ്ഞെടുത്തത്‌ താങ്കളെയാണ്‌. നൂറുദിന പ്രകടനം വിലയിരുത്തി മുഖ്യമന്ത്രിപദവിക്ക്‌ ഉമ്മന്‍ചാണ്‌ടിയെന്ന വ്യക്തി നൂറിലെത്ര മാര്‍ക്ക്‌ നല്‍കും; മന്ത്രിമാരുടെ പ്രവര്‍ത്തനമികവിനെ എങ്ങനെ വിലയിരുത്തുന്നു?
ഉ: എന്നെക്കുറിച്ചോ എന്റെ സര്‍ക്കാരിനെക്കുറിച്ചോ മാര്‍ക്കിടേണ്‌ടത്‌ ജനങ്ങളാണ്‌; ജനമാണു വിലയിരുത്തേണ്‌ടത്‌. ഞാന്‍ മാര്‍ക്കിട്ടാല്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കായ പൂജ്യമാണ്‌ എനിക്കിടുക. എനിക്കിപ്പോഴും ചെയ്‌തതു പോരാ, ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യണമെന്നുണ്‌ട്‌.

ചോ: ഭരണമേറ്റശേഷം വെല്ലുവിളിയായി അനുഭവപ്പെട്ട വികസന-പ്രശ്‌നമേഖലകള്‍; പ്രശ്‌നം പരിഹരിച്ച രീതി? ബാക്കിയായ വെല്ലുവിളികളെന്തൊക്കെയാണ്‌?
ഉ: എനിക്കുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാം. നമ്മള്‍ മനസ്സുവച്ച്‌, എല്ലാവരെയും സഹകരിപ്പിച്ചുപോവുന്നതിനു താല്‍പ്പര്യം കാണിച്ചാല്‍ വലിയ വിജയം നേടാനാവും. ഉദാഹരണമായി, സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മൂന്നുലക്ഷം റേഷന്‍കാര്‍ഡ്‌ അപേക്ഷകള്‍ കെട്ടിക്കിടക്കുകയായിരുന്നു. 100 ദിവസംകൊണ്‌ട്‌ അതു പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യമിട്ടു. പുതുതായി മൂന്നുലക്ഷം അപേക്ഷകള്‍ കൂടി വന്നു. അങ്ങനെ ആറുലക്ഷം പേര്‍ക്കും റേഷന്‍കാര്‍ഡ്‌ നല്‍കി. ഇനി ഇന്നുമുതല്‍ അപേക്ഷിക്കുന്ന ഘട്ടംതന്നെ കാര്‍ഡ്‌ നല്‍കും. വലിയ ആത്മവിശ്വാസം നല്‍കിയ കാര്യമാണിത്‌. കാര്‍ഡ്‌ നല്‍കുന്നതില്‍ കാലതാമസം വന്നതില്‍ ഒരു ഉദ്യോഗസ്ഥനെയും ഞാന്‍ കുറ്റംപറയില്ല. കാരണം, നിലവിലുള്ള നടപടിക്രമങ്ങള്‍ അതായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാലും വേഗത്തില്‍ കാര്‍ഡ്‌ നല്‍കാനാവാത്ത അവസ്ഥയാണുണ്‌ടായിരുന്നത്‌. ഉദ്യോഗസ്ഥരില്‍നിന്നു ബുദ്ധിമുട്ട്‌ മനസ്സിലാക്കി, വ്യവസ്ഥകള്‍ മാറ്റി. ഒരാളൊരു അപേക്ഷ തന്നാല്‍ അതില്‍ പറഞ്ഞ കാര്യമൊക്കെയറിഞ്ഞ്‌ കാര്‍ഡ്‌ നല്‍കുമ്പോഴേക്കും മാസങ്ങളെടുക്കും. സര്‍ക്കാര്‍ വന്നപ്പോള്‍ ഒരു മാറ്റം വരുത്തി. തരുന്ന അപേക്ഷ വിശ്വസിച്ച്‌ കാര്‍ഡ്‌ ഇഷ്യൂ ചെയ്‌ത്‌ അന്വേഷിക്കുകയെന്നതാണത്‌. അന്വേഷണത്തില്‍ ഏതെങ്കിലും വിവരം തെറ്റാണെങ്കില്‍ തിരുത്തുകയെന്നതാണു നിലപാട്‌.

ചോ: മദ്യവിരുദ്ധ കാഴ്‌ചപ്പാടുള്ള കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കര്‍ശനവ്യവസ്ഥകളോടെ പ്രഖ്യാപിച്ച മദ്യനയം ഈ കൊല്ലം നടപ്പാക്കാത്തതിനു കാരണമെന്താണ്‌?
ഉ: മദ്യനയം നിലവില്‍വരേണ്‌ടത്‌ ഏപ്രില്‍ ഒന്നിനാണ്‌. തിരഞ്ഞെടുപ്പു മുന്‍കണ്‌ട്‌ കഴിഞ്ഞ സര്‍ക്കാര്‍ നയത്തിനു രൂപംകൊടുത്തില്ല. ഈ സര്‍ക്കാര്‍ സാമ്പത്തികവര്‍ഷത്തിന്റെ ഇടയ്‌ക്കുവച്ചാണ്‌ അധികാരമേറ്റത്‌. ഇടയ്‌ക്കു മദ്യനയം നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളേറെയുണ്‌ട്‌. എന്നാലും ചില കാര്യങ്ങളില്‍ അടിയന്തരമായി തീരുമാനം എടുക്കേണ്‌ടിവന്നതുകൊണ്‌ട്‌ മദ്യനയം മന്ത്രിസഭയിലും ബന്ധപ്പെട്ട കക്ഷികളുമായും ചര്‍ച്ചചെയ്‌തെങ്കിലും യു.ഡി.എഫിലോ ഘടകകക്ഷികളിലോ ചര്‍ച്ചചെയ്യാനായില്ല. പലരും ചര്‍ച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്കുവേണ്‌ടി തീരുമാനിച്ചു. മദ്യലഭ്യത കുറച്ചുകൊണ്‌ടുവരുന്നതിന്‌ സഹായകരമായ നയംതന്നെയായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക.

ചോ: ആര്‍ ബാലകൃഷ്‌ണപ്പിള്ളയുടെ ചികില്‍സാകാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച പ്രത്യേക താല്‍പ്പര്യം പി.ഡി.പി നേതാവ്‌ മഅ്‌ദനിയുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്ന ആക്ഷേപമുണ്‌ട്‌?
ഉ: ബാലകൃഷ്‌ണപ്പിള്ള കേരളത്തിലെ ഒരു ജയിലിലുള്ള വ്യക്തിയെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്‌ അതിന്‌ അവസരവും സാഹചര്യവുമുണ്‌ട്‌. മഅ്‌ദനി ഇപ്പോഴുള്ളത്‌ കര്‍ണാടക സര്‍ക്കാരിന്റെ ജയിലിലാണ്‌. കര്‍ണാടകയിലെ രാഷ്ട്രീയസാഹചര്യം കേരളത്തില്‍നിന്നു തികച്ചും വ്യത്യസ്‌തമാണ്‌. ഈ വ്യത്യാസം കാണാതിരിക്കരുത്‌. അതേസമയം, സര്‍ക്കാരിനു വ്യക്തമായ കാഴ്‌ചപ്പാടുണ്‌ട്‌. ശിക്ഷയനുഭവിക്കുന്ന ആളാണെങ്കില്‍പ്പോലും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ച്‌ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിലുപരി വിചാരണത്തടവുകാരനോട്‌ കുറേക്കൂടി മനുഷ്യത്വപരമായ സമീപനം ആവശ്യമാണ്‌.

ചോ: ബോര്‍ഡ്‌, കോര്‍പറേഷന്‍ വിഭജനം പൂര്‍ത്തിയാവാന്‍ വൈകുന്നത്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലേ?
ഉ: ബോര്‍ഡ്‌, കോര്‍പറേഷന്‍ കഴിയുന്നത്ര വേഗത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്‌ട്‌.

ചോ: അട്ടപ്പാടി പാക്കേജ്‌ ആദിവാസിവിരുദ്ധമാണെന്നും റവന്യൂമന്ത്രി പരസ്‌പരവിരുദ്ധ പ്രസ്‌താവന നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്‌ട്‌. സര്‍ക്കാരില്‍ ഭിന്നാഭിപ്രായമുണേ്‌ടാ? അട്ടപ്പാടി കൈയേറ്റപ്രശ്‌നം കൈകാര്യംചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്‌ചയുണ്‌ടായോ?
ഉ: ഭിന്നാഭിപ്രായത്തിന്റെ പ്രശ്‌നമില്ല. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കു ഭൂമി നഷ്ടപ്പെട്ട പ്രശ്‌നം യു.ഡി.എഫാണ്‌ നിയമസഭയില്‍ ഉയര്‍ത്തിക്കൊണ്‌ടുവന്നതും ശക്തമായ നിലപാടെടുത്തതും. ആദിവാസികള്‍ക്കു ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്ന നിലപാടാണ്‌ അന്നത്തെ സര്‍ക്കാരെടുത്തത്‌. കഴിഞ്ഞ സര്‍ക്കാര്‍ വച്ച കമ്മിറ്റി തന്നെ, ഭൂമി നഷ്ടപ്പെട്ടത്‌ കണെ്‌ടത്തിയിട്ടുണ്‌ട്‌. ആദിവാസിസംഘടനകളുമായും അവരെ സഹായിക്കുന്നവരുമായും റവന്യൂമന്ത്രി ചര്‍ച്ചചെയ്‌തു. അവരുടെ അഭിപ്രായം, കണെ്‌ടത്തിയതിനേക്കാള്‍ കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്‌ട്‌ എന്നാണ്‌. അതു വീണ്‌ടും പരിശോധിച്ചുവരുകയാണ്‌. ആദിവാസികളുടെ താല്‍പ്പര്യത്തിനായിരിക്കും സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുന്നത്‌. കുറേക്കൂടി മെച്ചപ്പെട്ട പാക്കേജിന്‌ കോണ്‍ഗ്രസ്‌-യു.ഡി.എഫില്‍ നിന്നുതന്നെ നിര്‍ദേശം വന്നിട്ടുണ്‌ട്‌. തുറന്ന മനസ്സോടെയാണ്‌ എല്ലാറ്റിനെയും സര്‍ക്കാര്‍ കാണുന്നത്‌.

ചോ: നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം ഫലം സര്‍ക്കാരിന്റെ പ്രകടനത്തെ ത്വരിതപ്പെടുത്തുന്നതിലും കാര്യക്ഷമത കൂട്ടുന്നതിലും കാര്യമായ പങ്കുവഹിച്ചിട്ടില്ലേ?
ഉ: ജനാധിപത്യത്തില്‍ ഭൂരിപക്ഷം ഭൂരിപക്ഷംതന്നെയാണ്‌. അത്‌ എത്രയെന്നത്‌ അപ്രധാനമാണ്‌. ഭൂരിപക്ഷം കുറഞ്ഞാല്‍ കൂടുതല്‍ ജാഗ്രതയുണ്‌ടാവും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ മെച്ചമെന്നത്‌ ഭൂരിപക്ഷത്തിന്റെ കണക്കല്ല. മറിച്ച്‌, ഭരണകര്‍ത്താക്കളുടെ ഇച്ഛാശക്തിയാണ്‌. കാര്യങ്ങള്‍ ചെയ്യുന്നതില്‍ കാണിക്കുന്ന ജാഗ്രതയാണു പ്രധാനം. സര്‍ക്കാരിനു വിവാദങ്ങളില്‍ താല്‍പ്പര്യമില്ല.

ചോ: മണിചെയിന്‍ മാര്‍ക്കറ്റിങ്‌ കമ്പനികള്‍ക്ക്‌ നിലവിലുള്ള നിയന്ത്രണം ശക്തമാക്കുന്നതിനു പകരം അതു നിയമവിധേയമാക്കുന്നതിനാണു സര്‍ക്കാര്‍ തീരുമാനിച്ചത്‌. ആംവേ, ആര്‍.എം.പി, പി.എ.സി.എല്‍ തുടങ്ങിയ കമ്പനികളെ സഹായിക്കുന്നതിന്‌ സര്‍ക്കാര്‍ വഴിവിട്ടുനീങ്ങുന്നുണേ്‌ടാ?
ഉ: അങ്ങനെ ഒരിക്കലുമുണ്‌ടാവില്ല. നിയമവിരുദ്ധമായ ഒന്നുമനുവദിക്കില്ല. ജനങ്ങളെ വഞ്ചിക്കുന്ന ഒരു ബിസിനസ്സും പ്രോല്‍സാഹിപ്പിക്കില്ല. നിയമാനുസൃതമാണ്‌ ബിസിനസ്‌ എങ്കില്‍ അതു നടത്തുന്നവരെ ദ്രോഹിക്കുന്ന ഒരു സമീപനവും സര്‍ക്കാരിനില്ല. ചീഫ്‌ സെക്രട്ടറി ചെയര്‍മാനായുള്ള ഉന്നതതല സമിതിയെ, നിയമവിരുദ്ധമായ ബിസിനസ്സുകളെന്തൊക്കെ, ജനങ്ങളെ ചൂഷണംചെയ്യുന്നതെങ്ങനെ എന്നിവ പരിശോധിച്ചു കുറ്റക്കാര്‍ക്കെതിരേ കേസുകളെടുക്കാന്‍ നിയോഗിച്ചു. നിയമവിധേയമായ കാര്യങ്ങള്‍ നടത്തുന്നതിന്‌ അവസരമുണ്‌ടാവണമെന്നും തീരുമാനിച്ചു. ഇതു തികച്ചും ന്യായമായ നടപടിയാണ്‌. എന്തെങ്കിലും പോരായ്‌മയുണെ്‌ടന്ന്‌ ആരെങ്കിലും ചൂണ്‌ടിക്കാണിച്ചാല്‍ തീരുമാനം പുനപ്പരിശോധിക്കും.

ചോ: വിജിലന്‍സ്‌ ജഡ്‌ജിക്കെതിരായ പി സി ജോര്‍ജിന്റെ നടപടി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയോ? പ്രതിപക്ഷനേതാവ്‌ ചീഫ്‌ വിപ്പിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്‌. മുഖ്യമന്ത്രിക്ക്‌ എന്താണു പറയാനുള്ളത്‌?
ഉ: കോണ്‍ഗ്രസ്സിന്റെ സമീപനം കെ.പി.സി.സി അധ്യക്ഷനും എന്റെ അഭിപ്രായം ഞാനും പറഞ്ഞിട്ടുണ്‌ട്‌. കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും കോടതിയോട്‌ ആദരവാണുള്ളത്‌. ജുഡീഷ്യറി ജനാധിപത്യത്തിനു കരുത്തുപകരുന്ന ശക്തമായ ഘടകമാണ്‌. ആ ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നിനോടും യോജിക്കാന്‍ നിവൃത്തിയില്ല. പാമൊലിന്‍ കേസിന്റെ കോടതിവിധി വന്നപ്പോള്‍ ഞാനെന്റെ നിലപാട്‌ വ്യക്തമാക്കി. വിധിയില്‍ എനിക്കു യാതൊരു പരാതിയുമില്ല. നിയമം നിയമത്തിന്റെ വഴിക്കുപോവട്ടെ. എന്നെക്കുറിച്ച്‌ അന്വേഷണം നടത്തരുതെന്ന നിലപാട്‌ സ്വീകരിക്കുന്നത്‌ തെറ്റാണെന്നു വിശ്വസിക്കുന്നതുകൊണ്‌ടാണ്‌ ഞാന്‍ വിധിക്കെതിരേ അപ്പീല്‍ പോലും കൊടുക്കാതിരുന്നത്‌. ആ സാഹചര്യത്തില്‍ ജഡ്‌ജിയെ കുറ്റപ്പെടുത്തുന്ന വിധമുള്ള നിലപാട്‌ ഒഴിവാക്കേണ്‌ടതായിരുന്നു. 

1 comment

Write for a change!

Popular Posts