In the name of Allah, the Most Gracious, the Most Merciful

അക്കരയും ഇക്കരയുമില്ലാതെ ധനുഷ്‌കോടി

ശ്രീലങ്കയില്‍ നിന്ന്‌ ഇന്ത്യന്‍കരയിലേക്ക്‌ വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്‌നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന്‌ 31 കിലോമീറ്റര്‍ യാത്രചെയ്‌താല്‍ ശ്രീലങ്കയിലെ തലൈമന്നാറിലെത്താം. പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ഒരുകാലത്ത്‌ ഇരുരാജ്യക്കാരെയും അങ്ങോട്ടുമിങ്ങോട്ടുമെത്തിക്കാന്‍ സാക്ഷ്യംവഹിച്ചത്‌ ഒരുകൊച്ചുപട്ടണം- ധനുഷ്‌കോടി. ലോകപ്രശസ്‌തമായ പാക്‌ കടലിടുക്കിന്റെ ഇപ്പുറത്ത്‌ തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിലെ മറ്റൊരു ചെറുദ്വീപ്‌. ലോകത്തുതന്നെ ഏറ്റവും ചെറിയ കടലിടുക്കുകളിലൊന്ന്‌. 1964 വരെ ഇരുകരകളിലേക്കും തീര്‍ത്ഥാടകരായ യാത്രക്കാരെയും കച്ചവടക്കാരെയും ചെറുബോട്ടുകളില്‍ അക്കരെയിക്കരെയെത്തിച്ചതിന്‌ സാക്ഷ്യംവഹിച്ച ധനുഷ്‌കോടി. മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഇവിടെ ഹോട്ടലുകളും വസ്‌ത്രാലയങ്ങളും റെയില്‍വേ സ്റ്റേഷനും ഹയര്‍സെക്കന്‍ഡറി സ്‌കൂളും തപാല്‍, കസ്റ്റംസ്‌, തുറമുഖ ഓഫിസുകളെക്കൊയുണ്ടായിരുന്നു. ഇന്ത്യാ-ശ്രീലങ്ക സമുദ്രങ്ങളും ഒന്നുചേരുന്ന പാക്‌ ഉള്‍ക്കടല്‍ സേതുസമുദ്രമെന്നും അറിയപ്പെടുന്നു. ഹിന്ദു പുരാണത്തില്‍ ശ്രീരാമന്‍ വില്ലുകുലച്ചും സേതുസമുദ്രം പിളര്‍ന്നതും ശ്രീലങ്കയിലേക്കെത്താന്‍ രാമന്‍ പാലംനിര്‍മിച്ചതായുമുള്ള (രാംസേതു അഥവാ ആദംപാലം) വിശ്വാസത്തില്‍ തീര്‍ഥാടകബാഹുല്യമനുഭവപ്പെട്ടിരുന്ന സ്ഥലം ഇന്നൊരു പ്രേതാലയമാണ്‌.


സുനാമി വിഴുങ്ങിയപ്പോള്‍
കടല്‍ക്കാക്കകളെപ്പോലും കാണാന്‍ വിഷമിക്കുന്ന ഇടമാണു ധനുഷ്‌കോടി ഇന്ന്‌. മീന്‍പിടിത്ത ബോട്ടുകളോ നാവിക- തീരദേശ സേനായാനങ്ങളോ മാത്രമാണ്‌ ഇപ്പോള്‍ തീരത്തു കാണാനാവുക. 1964ല്‍ ചുഴലിക്കൊടുക്കാറ്റില്‍പ്പെട്ട്‌ ഗ്രാമം ഇല്ലാതായത്‌ മുതിര്‍ന്ന തലമുറയില്‍പ്പെട്ടവര്‍ വേദനയോടെ ഇന്നുമോര്‍ക്കുന്നു. മുക്കുവജോലിയിലേര്‍പ്പെട്ടിരുന്നവരായിരുന്നു ഇവിടത്തുകാരില്‍ പലരും. ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ പഠനപ്രകാരം 1948ല്‍ ധനുഷ്‌കോടി അഞ്ചുമീറ്ററോളം താഴ്‌ന്നുപോയതായി കണ്ടെത്തി. ബോട്ട്‌ മെയിലെന്ന പേരല്‍ ഇപ്പോഴത്തെ ചെന്നൈ എഗ്മോറില്‍ നിന്ന്‌ പാമ്പന്‍ പാലം വഴി ധനുഷ്‌കോടിയിലേക്ക്‌ ട്രെയിന്‍സര്‍വീസുണ്ടായിരുന്നു. 1964 ഡിസംബര്‍ 22ന്‌ രാത്രിയായിരുന്നു ചരിത്രത്തെ മാറ്റിമറിച്ച്‌ അന്ധമാന്‍നിക്കോബാറില്‍ നിന്ന്‌ ഉദ്‌ഭവിച്ച കാറ്റ്‌ സൈക്ലോണായി രാമേശ്വരം ദ്വീപിലെത്തിയത്‌. എട്ടുമീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ കരയിലേക്ക്‌ അടിച്ചുകയറി. സുനാമിതന്നെയായിരുന്നു അത്‌. 11.55ന്‌ പാമ്പന്‍- ധനുഷ്‌കോടി യാത്രക്കാരുമായി ധനുഷ്‌കോടി റെയില്‍വേ സ്‌റ്റേഷനിലേക്ക്‌ വന്ന 653ാം നമ്പര്‍ ട്രെയിന്‍ ഭീമന്‍തിരമാലയാല്‍ തുടച്ചുനീക്കപ്പെട്ടു. 110 യാത്രക്കാരും അഞ്ചുജീവനക്കാരുമാണ്‌ ട്രെയിനിലുണ്ടായിരുന്നത്‌. ദുരന്തത്തില്‍ ആകെ 1800ഓളം ഗ്രാമവാസികള്‍ മരിച്ചതായാണു കണക്ക്‌. 10 കിലോമീറ്റര്‍ അകത്തേക്ക്‌ സംഹാരരൂപിയായെത്തിയ വന്‍തിരമാലകള്‍ എല്ലാം നക്കിത്തുടച്ചു. ഡിസംബര്‍ 25 വൈകീട്ടുവരെ സംഹാരതാണ്ഡവമാടി കൊടുങ്കാറ്റും തിരമാലകളും. പാമ്പന്‍പാലവും നിര്‍ദയം കടലെടുത്തു. ദുരന്തത്തെതുടര്‍ന്ന മദ്രാസ്‌ സര്‍ക്കാര്‍ ധനുഷ്‌കോടിയെ വാസയോഗ്യമല്ലാത്ത 'പ്രേതനഗര'മായി പ്രഖ്യാപിച്ചു.
പ്രേതനഗരത്തില്‍ ബാക്കിയായവര്‍
ബിഗ്‌ബി, പ്രണയം, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ മലയാള- തമിഴ്‌ സിനിമാ പാട്ടുസീനുകളില്‍ മനോഹരമായാണ്‌ ഈ പ്രേതനഗരത്തെ ചിത്രീകരിച്ചത്‌. എന്നാല്‍ മുന്നുറോളം കുടുംബങ്ങള്‍ പുറംലോകവുമായി നേര്‍ബന്ധമില്ലാതെ ഇന്നും ഇവിടെ ജീവിക്കുന്നു. രാമേശ്വരത്തേക്ക്‌ വാഹനത്തില്‍ ഇവിടേക്കെത്താന്‍ ചുരുങ്ങിയത്‌ ഒന്നരമണിക്കൂറെങ്കിലുമെടുക്കും. ഇടയിലെ ചെറിയ ടൗണിലിറങ്ങി പ്രത്യേകം വാനിലോ മിനിട്രക്കിലോ കയറിയാണ്‌ ഇവിടേക്കെത്തുക. എട്ടുകിലോമീറ്റര്‍ ഉള്‍ഭാഗത്തെത്തിയാല്‍ മൂന്നുവശവും കടലിനാല്‍ ചുറ്റപ്പെട്ട ധനുഷ്‌കോടി മുനമ്പിലെത്താം. ഇവിടെയാകെയുള്ളത്‌ ഓലമേഞ്ഞ ചെറിയൊരു കട. ദിനേന അഞ്ചൂറോളം പേരെങ്കിലും സന്ദര്‍ശനത്തിനെത്തുന്ന ഇവിടത്തെ ഏക കച്ചവടസ്ഥാപനം. ധനുഷ്‌കോടിയുടെ മധ്യഭാഗത്ത്‌ 1964ലെ സൈക്ലോണില്‍ തകര്‍ന്നുതരിപ്പണമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാം. ഇടയ്‌ക്കിടെ ചെറുകുന്നുകള്‍, മണല്‍ത്തിട്ടകള്‍, വെള്ളക്കെട്ടുകള്‍, കുറ്റിക്കാടുകള്‍ എന്നിവയുമുണ്ട്‌. വിരലിലെണ്ണാവുന്ന മനുഷ്യര്‍ക്കൊപ്പം അങ്ങിങ്ങ്‌ കോവര്‍ക്കഴുതകളും അലഞ്ഞുതിരിയുന്നുണ്ട്‌. വിജനമായ മണല്‍പ്പരപ്പില്‍ ചുണ്ണാമ്പിലും ചുടുകല്ലിലും തീര്‍ത്ത ചര്‍ച്ചിന്റെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളാണു ചുറ്റും. മലയാളിയും തമിഴനും കണ്ടുമറന്ന മിക്ക സ്റ്റണ്ട്‌ രംഗങ്ങളുടെയും ചിത്രീകരണം ഇവിടെവച്ചാണു നടന്നത്‌. ഓലമേഞ്ഞ കുടിലുകള്‍. വലനെയ്‌തും കടല്‍മീനുണക്കിയും സഞ്ചാരികള്‍ക്ക്‌ ബിസ്‌കറ്റും കൂള്‍ഡ്രിങ്‌സും വിറ്റ്‌ ജീവിതംതള്ളിനീക്കുന്നവര്‍. റെയില്‍വേ സ്‌റ്റേഷന്റെ അസ്ഥികൂടത്തിനടുത്ത്‌ വാട്ടര്‍ടാങ്കിന്റെ അവശിഷ്ടം. റെയില്‍വേ സ്‌റ്റേഷനടുത്ത്‌ ഓലക്കുടിലില്‍ കഴിയുന്ന വൃദ്ധയായ രത്‌നമ്മ 64ലെ ദുരന്തത്തിന്റെ ഇരയാണ്‌. ഭര്‍ത്താവിനും മകനുമൊപ്പം ധനുഷ്‌കോടി പട്ടണത്തില്‍ മല്‍സ്യബന്ധനം നടത്തിയിരുന്ന ഇവരുടെ ജീവിതം ദുരന്തത്തോടെ തകിടംമറിഞ്ഞു. കടലും കാറ്റുമെടുത്ത ഉറ്റവരുടെ ജീവിതമോര്‍ത്ത്‌ കരഞ്ഞുകണ്ണീര്‍വറ്റിയ വൃദ്ധജീവിതങ്ങള്‍ വേറെയുമുണ്ടിവിടെ.


ഗ്രാമമുഖ്യന്‍ സുബ്രഹ്മണ്യനും കച്ചവടക്കാരി നാഗവല്ലിയും
മധ്യവയസ്‌കന്‍. ധനുഷ്‌കോടിയിലെ കമ്പിപ്പാളം ഭാഗത്തെ താമസക്കാരന്‍. ഗ്രാമത്തിലെ മുവ്വായിരത്തോളം പേരുടെ പ്രതിനിധിയാണു സുബ്രഹ്മണ്യന്‍. തിരഞ്ഞെടുപ്പിലൂടെ വിജയിച്ചുവന്നതല്ല. രാമേശ്വരം നിയോജകമണ്ഡലത്തിലുള്ള തങ്ങളുടെ കാര്യങ്ങള്‍ നിര്‍വഹിച്ചുതരാന്‍ സുബ്രഹ്മണ്യന്‍തന്നെ വേണമെന്ന്‌ ഇവിടത്തുകാര്‍ പറയുന്നു. എട്ടാംതരം വരെ പഠിപ്പിക്കുന്ന അസൗകര്യങ്ങള്‍ നിറഞ്ഞ ഒരുസ്‌കൂള്‍ മാത്രമാണിവിടെയുള്ളത്‌. രാമേശ്വരം ബോയ്‌സ്‌ ഹൈസ്‌കൂളിലാണ്‌ ബാക്കിപഠനം. പലരും പാതിവഴിക്ക്‌ പഠനംനിര്‍ത്തി മുക്കുവവൃത്തിക്കിറങ്ങുകയാണെന്ന്‌ ഗ്രാമമുഖ്യന്‍ സുബ്രഹ്മണ്യന്‍ പരിതപിക്കുന്നു. പോലിസ്‌ സ്‌റ്റേഷന്‍ വേണ്ടെന്ന അഭിപ്രായമാണിവര്‍ക്കുള്ളത്‌.
വിനോദസഞ്ചാരികള്‍ക്ക്‌ അനുവദിച്ച സമയം വൈകീട്ടോടെ അവസാനിക്കുമ്പോള്‍ പിന്നീട്‌ ധനുഷ്‌കോടിയിലും തീരത്തും കാണുന്നവരെ ചോദ്യംചെയ്യാറുണ്ട്‌. രാത്രി അപരിചിതരായ ആരെക്കണ്ടാലും പ്രദേശവാസികള്‍ വിവരംകൈമാറി ആളെ പിടികൂടും. ഇത്തരക്കാരില്‍ അപകടകാരികളുണ്ടെങ്കില്‍ പോലിസിനെ ഏല്‍പ്പിക്കുകയാണ്‌ പതിവെന്ന്‌ അദ്ദേഹം പറയുന്നു. കള്ളക്കടത്ത്‌, ലഹരിവില്‍പ്പന എന്നിവ അങ്ങിങ്ങായി നടക്കുന്നുണ്ട്‌. രാമേശ്വരത്ത്‌ ഒരുകുപ്പി മദ്യത്തിന്‌ അറുപതോ എഴുപതോ വാങ്ങുമ്പോള്‍ ഇവിടെയത്‌ നൂറുരൂപ കടക്കും. ഭക്ഷണസാധനങ്ങള്‍പോലും രാമേശ്വരത്ത്‌ പോയാണു വാങ്ങുന്നത്‌. തലയില്‍ ഭാണ്ഡക്കെട്ടേറ്റി മണല്‍പ്പരപ്പിലൂടെ ധനുഷ്‌കോടിയിലേക്ക്‌ നടന്നുപോവുന്നവരെ കാണാം. മിനിട്രക്കുകളില്‍ ഇവിടെയെത്താന്‍ ഒരാള്‍ക്ക്‌ നൂറുരൂപയെങ്കിലും നല്‍കണം. ട്രക്കുകളില്‍ 17കാരനായ കാളിദാസനെപ്പോലുള്ള ചെറുപ്പക്കാരാണ്‌ ഗൈഡുകളായി ഉള്ളത്‌. ധനുഷ്‌കോടി മുനമ്പിലെ ഏകകച്ചവടക്കാരനായ കൊളുന്തന്‍ പരാതിപ്പെടുന്നത്‌, ഇന്ത്യനതിര്‍ത്തിയിലാണു ജീവിക്കുന്നതെങ്കിലും തങ്ങളെ അന്യരായി കാണുന്നുവെന്നാണ്‌. പ്രദേശത്തെ വികസനപ്രവൃത്തികള്‍ക്കായി വാഗ്‌ദാനങ്ങളേറെയുണ്ടായെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ലെന്ന്‌ കൊളുന്തന്റെ ഭാര്യ നാഗവല്ലിയും പറയുന്നു. രാഷ്ട്രാന്തരമില്ലാതെ ജീവിച്ച മുന്‍തലമുറ ദ്വീപില്‍ സുനാമിത്തിരകളാല്‍ വിഴുങ്ങപ്പെട്ടതോര്‍ത്ത്‌ ഇവിടെയാരും ഇപ്പോള്‍ വിതുമ്പാറില്ല. എന്നാല്‍, കോകില, വിനോദിനി, ശക്തി തുടങ്ങിയ കുഞ്ഞുമക്കളെയോര്‍ത്ത്‌ അവഗണനാഭാരം താങ്ങാനാവാതെയാണ്‌ ജീവിക്കുന്നതെന്ന്‌ അവര്‍ പറയുന്നു. മുക്കുവനായ ശരവണനു പറയാനുള്ളത്‌ ഇന്ത്യന്‍ ശ്രീലങ്കന്‍ തീരദേശ സേനയുടെ തട്ടിപ്പുകളെക്കുറിച്ചാണ്‌. ശ്രീലങ്കനതിര്‍ത്തിയായതിനാല്‍ ഇരുകൂട്ടര്‍ക്കും കൈക്കൂലി നല്‍കിയാല്‍ ആള്‍ക്കടത്തും ലഹരിക്കടത്തുമൊക്കെ നടക്കും. നാവികസേനയുടെ കണ്ണുവെട്ടിച്ചാണു ഈ പരിപാടി.
വില്ലിന്റെ അന്ത്യം
ധനുഷ്‌ എന്നാല്‍ വില്ല്‌ (bow) എന്നും കോടിയെന്നാല്‍ അവസാനം (end) എന്നുമാണ്‌ അര്‍ത്ഥം. ഒരുവില്ലിന്റെ മാതൃകയില്‍ കടലിലേക്ക്‌ അവസാനിക്കുന്ന ഈ തീരവും നാള്‍ക്കുനാള്‍ കടലെടുക്കുന്നതായാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ഓലമേഞ്ഞ വീട്ടില്‍ കടല്‍മീനും രാമേശ്വരത്ത്‌ നിന്നെത്തിക്കുന്ന ചോറും മാത്രം കഴിച്ച്‌ ഒരുജനത വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്നു. ടൂറിസംവരുമാനം മാത്രം ലക്ഷ്യമിട്ട്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഹതഭാഗ്യരായ ഒരുകൂട്ടം മനുഷ്യര്‍ ദിക്കറിയാതെ കടലിലേക്ക്‌ കണ്ണുംനട്ടിരിക്കുകയാണ്‌. ഇന്നല്ലെങ്കില്‍ നാളെ മറ്റൊരു സുനാമിയായി മരണമെത്തിയേക്കാം. പ്രതീക്ഷയുടെ മുനമ്പില്‍ ജീവിതത്തിന്റെ വലനെയ്യുന്ന മുക്കൂവക്കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ട്‌. 2003ല്‍ ധനുഷ്‌കോടിയില്‍ നിന്ന്‌ രാമേശ്വരം വരെ 16 കിലോമീറ്റര്‍ പുതിയ റെയില്‍വേ ലൈന്‍ തുടങ്ങുന്നതിന്‌ ദക്ഷിണ റെയില്‍വേ വകുപ്പുമന്ത്രാലയത്തിന്‌ പദ്ധതിരേഖ സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതെഴുതുമ്പോള്‍ രാംസേതു ദേശീയസ്‌മാരകമാക്കണോയെന്നതിനെപ്പറ്റി സുപ്രിംകോടതി സര്‍ക്കാരിനോട്‌ അഭിപ്രായമാരാഞ്ഞിരിക്കുകയാണ്‌. എന്നിട്ടെങ്കിലും ഇവിടത്തുകാര്‍ക്ക്‌ ഗുണംലഭിക്കുമെന്ന്‌ കരുതാം. വിശ്വാസം; അതല്ലേ എല്ലാം!


(പാക്‌ കടലിടുക്ക്‌ നീന്തിക്കടന്ന ആദ്യമലയാളി എസ്‌ മുരളീധരന്റെ നീന്തല്‍യഞ്‌ജം റിപോര്‍ട്ട്‌ ചെയ്യാന്‍ രാമേശ്വരം ധനുഷ്‌കോടിയില്‍ പോയപ്പോള്‍ കണ്ടത്‌)

Popular Posts