In the name of Allah, the Most Gracious, the Most Merciful

ഷവര്‍മ മുതല്‍ ചപ്പാത്തിസെറ്റ്‌ വരെ

കമ്പനിമെസ്സ്‌ അവധിയായതിനാല്‍ തിരുവോണപ്പിറ്റേന്ന്‌ തിരുവനന്തപുരം സെക്രട്ടേറിയറ്റിന്‌ മുന്നിലെ അരുള്‍ ജ്യോതി വെജിറ്റേറിയന്‍ ഹോട്ടലില്‍നിന്നാണു ഭക്ഷണം കഴിച്ചത്‌. പഴകിയ ഭക്ഷണം പിടികൂടിയതിന്‌ നേരത്തേ ഈ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. നിബന്ധനകള്‍ക്കു വിധേയമായി വീണ്ടും തുറന്നു. മലയാളിഹോട്ടലുകളെല്ലാം അടച്ചതിനാല്‍ നിവൃത്തിയില്ലാതെ കയറിയതാണ്‌. ഉച്ചയൂണ്‍ തീര്‍ന്നതിനാല്‍ ചപ്പാത്തി സെറ്റാണ്‌ ഓര്‍ഡര്‍ ചെയ്‌തത്‌. തലസ്ഥാനത്തെ തമിഴ്‌ ഹോട്ടലുകളില്‍ ചപ്പാത്തിയും കറിയും കിട്ടില്ല. പകരം രണ്ടു ചപ്പാത്തിയും കറിയുമടങ്ങുന്ന സെറ്റാണ്‌. ഓര്‍ഡര്‍ ചെയ്യുംമുമ്പേ വെയ്‌റ്ററോട്‌ അധികംവാങ്ങുന്ന ചപ്പാത്തിക്ക്‌ എങ്ങനെ ചാര്‍ജ്‌ ചെയ്യുമെന്നു ചോദിച്ചു. രണ്ടാംസെറ്റായി പരിഗണിക്കുമോയെന്ന ചോദ്യത്തിന്‌ വാങ്ങുന്നയെണ്ണത്തിനുള്ള നിരക്കേ ഈടാക്കൂവെന്നു മറുപടി. രണ്ടു ചപ്പാത്തിയും കറിയുമെത്തി. അതുകഴിച്ച്‌ രണ്ടു ചപ്പാത്തിയും ചായയും അധികം ഓര്‍ഡര്‍ ചെയ്‌തു. കഴിച്ചശേഷം ബില്ലുകിട്ടിയപ്പോള്‍ രണ്ടു സെറ്റിന്‌ ചാര്‍ജ്‌ ചെയ്‌തിട്ടുണ്ട്‌്‌. ചോദ്യംചെയ്‌തപ്പോള്‍ താങ്കള്‍ക്കു രണ്ടാമത്‌ കറിയും ഒപ്പംതന്നില്ലേയെന്നായി വെയ്‌റ്റര്‍. 

''അധികംവാങ്ങുന്ന ചപ്പാത്തിയുടെ വിലയീടാക്കുന്നതെങ്ങനെയെന്ന്‌ ആദ്യമേ ചോദിച്ചിരുന്നില്ലേ?''- എന്റെ ചോദ്യത്തിന്‌ മറുപടിയില്ല.

തമിഴനായ ഹോട്ടല്‍ മാനേജര്‍ ഇടപെട്ടു. താങ്കള്‍ക്ക്‌ ഇഷ്ടമുള്ള പോലെ ബില്ലടയ്‌ക്കാമെന്നു പറഞ്ഞു. മുമ്പ്‌ ഇതേയനുഭവം മറ്റൊരു തമിഴ്‌ ഹോട്ടലില്‍ നിന്നുണ്ടായത്‌ ഓര്‍മിച്ചു. സൗജന്യം വേണ്ടെന്നും ഞാന്‍ മുഴുവന്‍ തുകയും അടയ്‌ക്കുമെന്നും പറഞ്ഞു. എന്നാല്‍, സാധാരണക്കാരനെ ചൂഷണം ചെയ്യാന്‍ ഇനിയുമനുവദിക്കില്ലെന്ന മുന്നറിയിപ്പുനല്‍കി. കൗണ്ടറില്‍ പണംനല്‍കി രസീതുംവാങ്ങി മടങ്ങി. ബില്ലടക്കം മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും പരാതി ഇ-മെയിലായയച്ചു. ചെറുതെന്നു തോന്നുന്ന, എന്നാല്‍ ഗൗരവതരമായ ഇത്തരം സംഭവങ്ങള്‍ തലസ്ഥാനനഗരത്തില്‍ ആദ്യത്തേതല്ലെന്നും ഇടപെട്ടില്ലെങ്കില്‍ തോന്നിയപോലെ ഹോട്ടലുകാര്‍ വിലയീടാക്കുമെന്നും കത്തില്‍പ്പറഞ്ഞു. മറ്റു സംവിധാനങ്ങളില്ലാത്തപ്പോള്‍ ഇത്തരം ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണ പൗരനെ കഴുത്തറുക്കുന്ന രീതി തടയണമെന്നും ആവശ്യപ്പെട്ടു. നടപടിയുണ്ടാവുമെന്നു പ്രതീക്ഷിച്ചല്ല അങ്ങനെ ചെയ്‌തത്‌.

പിറ്റേന്നു ഭക്ഷ്യസുരക്ഷാ ജോയിന്റ്‌ കമ്മീഷണര്‍ കെ അനില്‍കുമാറിന്റെ ഫോണ്‍വിളി. സ്വാനുഭവം അദ്ദേഹം പങ്കുവച്ചു. മകനെവിട്ട്‌ വെജിറ്റേറിയന്‍ ഹോട്ടലില്‍നിന്ന്‌ ചപ്പാത്തിസെറ്റ്‌ വാങ്ങിയ തനിക്കു ചപ്പാത്തി ചൂടോടെ അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞുനല്‍കി. വീട്ടിലെത്തി ചപ്പാത്തി കൈയിലെടുത്തപ്പോള്‍ പൊടിയുന്നു. ഫോണെടുത്ത്‌ ഹോട്ടലുകാരനെ വിളിച്ചു. ചപ്പാത്തി പഴയതാണെന്ന്‌ സമ്മതിച്ചില്ലെന്നു മാത്രമല്ല, തങ്ങളുടെ മനോഹരമായ അടുക്കള വന്നുകണ്ടോളൂവെന്ന്‌ പ്രതികരണം. ഹോട്ടല്‍ വൃത്തിയായി സൂക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയെന്നും മാനേജര്‍ മൊഴിഞ്ഞത്രെ. ഒരു കിലോ ആട്ടപ്പൊടിയുമായി വന്ന്‌ ചൂടുള്ള പുതിയ ചപ്പാത്തി താനുണ്ടാക്കിത്തരാമെന്നും അപ്പോള്‍ വ്യത്യാസമറിയാമെന്നും, ഐഡന്റിറ്റി വെളിപ്പെടുത്താതെ ജോയിന്റ്‌ കമ്മീഷണര്‍ വെല്ലുവിളിച്ചു. മറുപടിയില്ല. ഫോണ്‍വച്ചു. അല്‍പ്പംകഴിഞ്ഞ്‌ ഹോട്ടലുടമ തിരികെവിളിക്കുന്നു. ആളെ മനസ്സിലായിട്ടുണ്ടാവും. സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന്‌ അറിയിച്ചുവെന്നും അദ്ദേഹം എന്നോട്‌ ഫോണില്‍പ്പറഞ്ഞു. വിലനിയന്ത്രണത്തില്‍ ഇടപെടാനാവില്ലെങ്കിലും ഭക്ഷ്യസുരക്ഷാ ചട്ടലംഘനത്തിന്‌ കേസെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിളിച്ചതിനു നന്ദിപറഞ്ഞ്‌ ഞാന്‍ ഫോണ്‍വച്ചു.

(ഭക്ഷണസാധനങ്ങള്‍ക്ക്‌ ഏകീകൃതനിരക്കുകള്‍ ഈടാക്കാന്‍ സര്‍ക്കാര്‍ അടിയന്തരസംവിധാനമുണ്ടാക്കുകയും ഹോട്ടലുകളില്‍ കൃത്യമായ ഭക്ഷണനിരക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യാത്തിടത്തോളം കാലം ചൂഷണം ആവര്‍ത്തിക്കും. സാധാരണക്കാരന്‍ നരകിക്കും. തലസ്ഥാനത്തെ രമ്യഹര്‍മ്യങ്ങളിലും മസ്‌കറ്റ്‌, താജ്‌ ഹോട്ടലുകളിലുമായി വയറുനിറയ്‌ക്കുന്ന അഭിനവ രാജാക്കന്മാര്‍ പ്രജകളുടെ ഭക്ഷണക്കാര്യത്തിലെങ്കിലും ശ്രദ്ധിക്കുമെന്നോ? കേരളത്തെ എമര്‍ജ്‌ ചെയ്യിക്കാനുള്ള എക്‌സ്‌പ്രസ്‌ വേയിലൂടെ പറക്കുകയല്ലേ അവര്‍!)

3 comments

 1. പ്രതികരിക്കാന്‍ ആര്‍ക്കും സമയമില്ല എന്നായിരിക്കുന്നു.
  ചീത്തയെങ്കില്‍ മാറ്റിവെച്ച് മിണ്ടാതെ എഴുന്നേറ്റു പോകുന്ന രീതിയാണ്‌ എവിടെയും.

  ReplyDelete
 2. ഹോട്ടലിൽ വില ഈടാക്കുന്നതിന്റെ മറ്റൊരു തട്ടിപ്പ്‌ ഇങ്ങിനെയാണ്‌. മസാല ദോശ ഓർഡർ ചെയ്ത എനിക്ക്‌ മസാല ദോശയോടൊപ്പം സാമ്പാറും ചട്ട്ണിയും ഒരു വടയും കിട്ടി. ബില്ലിൽ വടയ്ക്ക്‌ പ്രത്യേകം ചാർജ്‌ ചെയ്തു. ഞാൻ ഓർഡർ ചെയ്യാത്ത സാധനം സാമ്പാറും ചട്ട്ണിക്കുമൊപ്പം തന്ന്‌ എന്നെ മുതലെടുക്കുകയായിരുന്നു. കുറിപ്പിനു നന്ദി. ആശംസകൾ

  ReplyDelete
 3. അടച്ചുപൂട്ടിയദിനങ്ങളിലെ
  ലാഭം ഇങ്ങനെയൊക്കെയല്ലേ ഈടാക്കുക..അല്ലേ

  ReplyDelete

Write for a change!

Popular Posts