In the name of Allah, the Most Gracious, the Most Merciful

'ഇറക്കുമതി' ചെയ്ത കാൽപ്പന്തുകളിക്കാരൻ

ഇന്നു പറയാനുള്ളത് പഴയൊരോർമയാണ്. ആനക്കയത്തെ ഉമ്മയുടെ വീട്ടിൽ വിരുന്നുപാർക്കാൻ പോയതാണ്. നാട്ടിലെ പാറപ്പുറത്ത് ക്രിക്കറ്റും ഫുട്ബോളും കളിച്ച പരിചയം. സമയംപോക്കാൻ ഉമ്മയുടെ അയൽവാസിച്ചെക്കൻറെയും ബന്ധുവിൻറെയും കൂടെ പുറത്തിറങ്ങി.  അങ്ങാടിയിലെത്തിയപ്പോൾ സമപ്രായക്കാരുടെ ചെറുകൂട്ടം ഫുട്ബോളുമായി നിൽക്കുന്നു. ഏതോ ടൂർണമെന്റിൽ സെമിഫൈനലിന് മൽസരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ടീമിലുണ്ടായിരുന്ന ഒരാളെ കാണാനില്ല. താമസിയാതെ, ചേറൂരുകാരനായ എന്നെ 'ചേറൂരെ'ന്ന് നാമകരണം ചെയ്ത് ടീമിലെടുത്തു. കൂടെവന്ന ചങ്ങാതിമാരുടെ വക 'ഇവൻ നല്ല കളിക്കാരനാണ്' എന്ന സെർട്ടിഫിക്കറ്റുംകൂടിയായതോടെ എന്റെ തല ഫുട്ബോൾ പോലെ കനത്തു('ഉത്തരവാദിത്തബോധ'മാണേ, തലക്കനമല്ല).

ബസ്സുകയറി ടീം മങ്കടയിലെ കളിസ് ഥലത്തേക്ക്. ജഴ്സിയില്ല. അനൌൺസ്മെന്റും ആൾക്കൂട്ടവും പാടത്തെ ഗ്രൌണ്ടും കണ്ടതോടെ എനിക്കാവേശമായി. ഫോർവേഡായാണ് എന്നെ നിർത്തിയത്. 'ചേറൂരി'ൽ നിന്ന് 'ഇറക്കുമതി' ചെയ്ത കളിക്കാരനെ കണ്ട് എതിർടീമംഗങ്ങൾ അടക്കംപറയുന്നില്ലേയെന്ന് ഒരുവേള എനിക്കുതോന്നി. വർധിച്ച ആത്മവിശ്വാസത്തോടെ, പന്തുംനോക്കി, പത്തുഗോളുകൾ ഒറ്റയടിക്കടിക്ക് വലയിലാക്കാനുള്ള ചുറുചുറുക്കോടെ ഞാൻ കളത്തിലേക്ക്. വിസിലടിച്ചു. ജഴ്സിയൊക്കെയണിഞ്ഞ് തികഞ്ഞ പ്രഫഷനലുകളായ എതിരാളികൾക്കൊപ്പം ഓടിയെത്താൻ ഞാനും പങ്കാളികളും ഏറെ വിഷമിച്ചു. പന്തുകിട്ടിയില്ലെങ്കിൽ വേണ്ടായിരുന്നു; ഒപ്പം ഓടിയെത്താനനുവദിക്കാനുള്ള സന്മനസ്സുപോലും ആ പഹയൻമാർക്കുണ്ടായിരുന്നില്ല. ടീമിനെ ഗ്രസിച്ച അമിതാത്മവിശ്വാസത്തിനുമേൽ (ഓർമ ശരിയാണെങ്കിൽ) ആറോ ഏഴോ ഗോളുമടിച്ചാണ് അവർ കളിയവസാനിപ്പിച്ചത്. എന്നാലും, എന്നാലാവുംവിധം കളിച്ചുവെന്നു ഞാൻ ആശ്വസിച്ചു. ആരും പരസ്പരമൊന്നും പറയാതെ ബസ്സുകയറി ഉമ്മയുടെ നാട്ടിലേക്കുതന്നെ മടക്കം. കളിക്കാനായി വരുന്നവഴി, കടയിൽക്കയറി കുടിച്ച സോഡാസർബത്തും പഴവും ആവിയായിപ്പോയി വയറുകത്താൻ തുടങ്ങിയിരുന്നു. എന്തോ, സെമിയിൽ തോറ്റ ടീമിൻറെ വാടകക്കളിക്കാരനെ ഏതായാലും ആ നാട്ടുകാർ കൂവിവിളിച്ചില്ല.

ഫൈനൽവിസിൽ: ബൂട്ടിട്ട് കളിക്കാനിറങ്ങിയവരാണ് എതിരാളികളെന്നു മനസ്സിലായത് കാലിന് രണ്ടോ മൂന്നോ ഗമണ്ടൻ ചവിട്ടേറ്റപ്പോഴാണ്. അന്യനാട്ടിൽനിന്ന് കളിക്കാനിറക്കിയതുകൊണ്ടാണെന്നു തോന്നുന്നു; റഫറി മൂന്നുപ്രാവശ്യവും വിസിലൂതി. എന്നാൽ കിട്ടിയ അവസരമൊന്നും മുതലാക്കാനാവാതെ, ആ ടീമിന്റെ തോൽവിക്കു സാക്ഷ്യംവഹിക്കാനായിരുന്നു നിയോഗം. എന്തായാലും, ഉമ്മയുടെ നാട്ടിൽപ്പോയി തോറ്റുവന്നെന്ന പേരുദോശം ഞാൻതന്നെ മാറ്റി. ഒരു നബിദിനത്തിന് ആ നാട്ടിലെ പൊതുവേദിയിൽ അസ്സലൊരു മാപ്പിളഗാനം പാടിക്കൊണ്ടായിരുന്നു അത്. അങ്ങനെ ഞാനൊരു പാട്ടുകാരനുമായി. :)

5 comments

 1. ഒരു തോല്‍വിയെ മറ്റൊരു വിജയം കൊണ്ട് മറികടക്കുക

  ReplyDelete
 2. ഒടുവില്‍ അവരെ പാട്ട് പാടി കൈയിലെടുത്തു.

  ReplyDelete
 3. പന്തല്ലെങ്കില്‍ പാട്ട്!

  ReplyDelete
 4. നന്ദി, ടീച്ചർ, അനീഷ്ഭായ്, അജിത്തേട്ടാ

  ReplyDelete
 5. പന്തിനെ കൊണ്ട് നേടാത്തത് പാട്ട് കൊണ്ട് നേടി അല്ലേ ഭായ്

  ReplyDelete

Write for a change!

Popular Posts